01:00pm 19 September 2026
NEWS
മാസപ്പടി കേസിൽ പിണറായി വിജയനും മുഹമ്മദ് റിയാസും കുടുങ്ങുമോ?
19/09/2026  06:22 AM IST
nila
മാസപ്പടി കേസിൽ പിണറായി വിജയനും മുഹമ്മദ് റിയാസും കുടുങ്ങുമോ?

തിരുവനന്തപുരം: സിഎംആർഎൽ–എക്‌സാലോജിക് പണമിടപാട് കേസിൽ അന്വേഷണം കൂടുതൽ വ്യാപിപ്പിക്കാൻ സർക്കാർ നീക്കം. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, പി.എ. മുഹമ്മദ് റിയാസ്, ടി. വീണ എന്നിവരുമായി ബന്ധപ്പെട്ട ആരോപണങ്ങളിലും അന്വേഷണം നടത്താമെന്ന നിയമോപദേശമാണ് സർക്കാരിന് ലഭിച്ചത്. നിയമോപദേശം ലഭിച്ചതോടെ ഇക്കാര്യത്തിൽ സർക്കാർ തീരുമാനവും ഉടനുണ്ടാകും എന്നാണ് സൂചന.

ഇ.ഡി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പുതിയ തെളിവുകൾ പരിശോധിച്ച് അന്വേഷണം നടത്തുന്നതിൽ നിയമപരമായ തടസ്സമില്ലെന്നാണ് അഡ്വക്കറ്റ് ജനറൽ സർക്കാരിന് നൽകിയ നിയമോപദേശം. വിജിലൻസ് അന്വേഷണത്തിനാണ് നിലവിൽ കൂടുതൽ സാധ്യത. എന്നാൽ വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ക്രൈം ബ്രാഞ്ചിനെയോ പ്രത്യേക അന്വേഷണ സംഘത്തെയോ (എസ്‌ഐടി) അന്വേഷണത്തിന് നിയോഗിക്കുന്നതും സർക്കാർ പരിഗണിച്ചേക്കും.

സിഎംആർഎൽ–എക്‌സാലോജിക് ഇടപാടുകൾക്ക് പുറമെ കോടികളുടെ മറ്റ് സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങളും ഇ.ഡി. റിപ്പോർട്ടിലുണ്ടെന്നാണ് വിവരം. ഈ ഇടപാടുകളും അന്വേഷണത്തിന്റെ പരിധിയിൽ വരും.

വീണയ്ക്കും അവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സൊല്യൂഷൻസിനുമായി സിഎംആർഎൽ നൽകിയ 3.28 കോടി രൂപ പിണറായി വിജയന് ലഭിച്ച കൈക്കൂലിയാണെന്ന ആരോപണവും ഇ.ഡി. കത്തിൽ ഉന്നയിച്ചിരുന്നു. ഇത് നേരത്തെ തന്നെ ഇ.ഡി.യുടെ കണ്ടെത്തലായി പുറത്തുവന്നിരുന്നു.

അതേസമയം, മുഹമ്മദ് റിയാസുമായി ബന്ധപ്പെട്ട ഹവാല ഇടപാട് ആരോപണമാണ് ഇപ്പോൾ കൂടുതൽ ശ്രദ്ധ നേടുന്നത്. റിയാസ് വഴി എത്തിയ പണം ഹവാല സംവിധാനത്തിലൂടെ ദുബായിലേക്ക് അയച്ചതായി അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ മൊഴി നൽകിയെന്ന വിവരവും ഇ.ഡി. കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

ഇടപാടുകളുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ശരിവയ്ക്കുന്ന തരത്തിലുള്ള ഡയറിക്കുറിപ്പുകൾ വീണയുടേതെന്ന പേരിൽ ഇ.ഡി. നടത്തിയ പരിശോധനയിൽ കണ്ടെത്തിയതായും കത്തിൽ പറയുന്നുണ്ട്.

പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന ശുപാർശയോടെയാണ് ഇ.ഡി. കത്ത് നൽകിയതെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനതല അന്വേഷണത്തിന് സർക്കാർ ഒരുങ്ങുന്നതായാണ് സൂചന.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img